8th IDSFFK BLOG

(Maintained by IDSFFK Media Cell)

DOWNLOAD PRESS RELEASE HERE: https://app.box.com/s/3nlmdcko1tlbg4dcbjexa5t7s3dmc851

Saturday 27 June 2015

വിഷയവൈവിധ്യവും ഈടുറ്റ ചര്‍ച്ചയും സമ്പന്നമാക്കിയ രണ്ടാം ദിനം

 ഡോക്യുമെന്ററി - ഹ്രസ്വചിത്രങ്ങളുടെ വിഷയവൈവിധ്യം കൊണ്ടും അര്‍ത്ഥപൂര്‍ണമായ സിനിമാ ചര്‍ച്ചകള്‍ കൊണ്ടും സമ്പന്നമായിരുന്നു മേളയുടെ രണ്ടാം ദിനം. വിവിധ വിഭാഗങ്ങളിലായി അറുപതോളം ചിത്രങ്ങളാണ് ഇന്നലെ (ജൂണ്‍ 27) പ്രേക്ഷകനു മുന്നിലെത്തിയത്. ഇതില്‍ 32 എണ്ണം മല്‍സരവിഭാഗത്തിലായിരുന്നു പ്രദര്‍ശിപ്പിച്ചത്. 'നോവ്', 'സ്‌ക്രൈ', 'ഐയാം ഹോം' എന്നീ മൂന്നു ഹ്രസ്വചിത്രങ്ങളാണ് ക്യാംപസ് മല്‍സരവിഭാഗത്തില്‍ കൈരളിയില്‍ പ്രദര്‍ശിപ്പിച്ചത്. മ്യൂസിക് വീഡിയോ വിഭാഗത്തിലാണ് ഏറ്റവും കൂടുതല്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചത്. എച്ച്.ഐ.വിയുമായി ജനിച്ച ലോകത്തെ ആദ്യ തലമുറയുടെ കഥ പറഞ്ഞ 'സോ വാട്ട് ട്രാന്‍സിലേറ്റിംഗ് പോസിറ്റീവ്' കൂടാതെ സ്വയം കണ്ടെത്താനുള്ള ഏകാന്തതയെ യാത്രയെപ്പറ്റി സംസാരിച്ച 'നിര്‍ജന്‍', 'ഷെല്‍ട്ടര്‍', 'ഓഡു എ ബെറ്റര്‍ വേള്‍ഡ്', 'തെയിയേ' തുടങ്ങിയ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു.  സംസ്‌കൃത ഭാഷയില്‍ ചിത്രീകരിച്ച 'ഓടു ടു എ ബെറ്റര്‍ വേള്‍ഡ്' എന്ന ചിത്രം മ്യൂസിക് വീഡിയോ വിഭാഗത്തില്‍ പ്രേക്ഷക ശ്രദ്ധപിടിച്ചുപറ്റി. നാല് മിനിട്ട് മാത്രം ദൈര്‍ഘ്യമുള്ള ഈ ഹ്രസ്വ ചിത്രം സമാധാനത്തിനുള്ള വഴി കണ്ടെത്തുകയല്ല പകരം സമാധാനമാണ് വഴിയെന്ന് പ്രേക്ഷകനെ പഠിപ്പിക്കുന്നു.
ലോങ് ഡോക്യുമെന്ററി വിഭാഗത്തില്‍ വികസന പ്രവര്‍ത്തനങ്ങളുടെ ഫലമായി നാശത്തിന്റെ വക്കിലെത്തിയ ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജലതടാകമായ ലോക്താക്കിന്റെ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന സമൂഹത്തിന്റെ കഥ പറഞ്ഞ നിശബ്ദ ചിത്രം 'ഫ്‌ളോട്ടിംഗ് ലൈഫ്' ഭാഷയുടെ അതിര്‍വരമ്പുകള്‍ക്കപ്പുറം പ്രകൃതിസംരക്ഷണത്തിന്റെ പ്രാധാന്യം പ്രേക്ഷകരിലേക്കെത്തിച്ചു. മല്‍സരവിഭാഗത്തിലെ ഷോര്‍ട്ട് ഡോക്യുമെന്ററിയില്‍ പ്രദര്‍ശിപ്പിച്ച മൂന്നു ചിത്രങ്ങള്‍ ഏറെ പ്രാധാന്യം അര്‍ഹിക്കുന്ന വിഷയങ്ങളാണ് കൈകാര്യം ചെയ്തത്.  തോട്ടിപ്പണി ചെയ്യുന്ന കേരളത്തിന്റെ ഒരു വിഭാഗത്തിന്റെ ദുരന്ത ജീവിതത്തന്റെ നേര്‍ക്കാഴ്ചകള്‍ തിരശ്ശീലയില്‍ പകര്‍ത്തിയ ക്യാസ്റ്റ് ആന്റ് ക്ലീന്‍ലിനസും പര്‍ദ്ദ സമ്പ്രദായത്തെയും ലിംഗപക്ഷപാദത്തെയും കേന്ദ്രപ്രമേയമാക്കിയ ഹിന്ദി ഡോക്യുമെന്ററി 'അണ്‍ വെയില്‍ഡ്' ഉം ഷൂ ബോക്‌സിനു പിന്നാലെ പാഞ്ഞ് ലോകം ചുറ്റിയ ദമ്പതികളുടെ കഥ പറഞ്ഞ ഇന്തോ-യു.എസ്. ചിത്രമായ 'ഫോളോയിംഗ് ദി ബോക്‌സും' ജീവിതത്തിന്റെ യഥാര്‍ത്ഥ കാഴ്ചകള്‍ സമ്മാനിച്ചു.
ഫിലിം മേക്കര്‍ ഇന്‍ ഫോക്കസില്‍ കശ്മീരി സംവിധായകന്‍ അമിത് ദത്തയുടെ നളന്റെയും ദമയന്തിയുടെയും പ്രണയകഥ പറയുന്ന  'ചിത്രശാല'യും  'ഈവന്‍ റെഡ് കാന്‍ ഡി സാഡ്ഉള്‍പ്പെടെ നാല് ചിത്രങ്ങളും പ്രദര്‍ശനത്തിനെത്തി. വാക്കുകള്‍ക്കും ചിത്രങ്ങള്‍ക്കും ഇടയില്‍ സങ്കലനം വ്യക്തമാ ക്കുന്ന ഒരു കലാകാരന്റെ ഛായാചിത്രം പങ്കുവയ്ക്കുന്നതായിരുന്നു 'ഈവന്‍ റെഡ് കാന്‍ ഡി സാഡ്' എന്ന സിനിമ.
അനിമേഷന്‍ ചിത്രങ്ങളുടെ വിഭാഗത്തില്‍ ജര്‍മ്മന്‍ അനിമേഷന്‍ ചിത്രമായ 'ഏലിനേഷനും' ജനീവ തടാകത്തിന്റെ കഥ പറയുന്ന നിശ്ശബ്ദ ചിത്രമായ 'അയൂബ്‌ഡെ'യും ആസ്വാദകര്‍ക്ക് പുത്തന്‍ കാഴ്ചാനുഭവങ്ങള്‍  സമ്മാനിച്ചു. ബെസ്റ്റ് ഓഫ് ഐഡിഎ വിഭാഗത്തില്‍ കൊല്‍ക്കത്തയുടെ ലൈംഗിക തൊഴിലാളികളും  അവരുടെ കുട്ടികളും നേരിടുന്ന ദാരിദ്രത്തിന്റെയും അപമാനത്തിന്റെയും കഥ പറയുന്ന 'ബോണ്‍ ഇന്‍ടു  ബ്രോത്ത്‌ലസ്' എന്ന ചിത്രം തിയേറ്ററിനുള്ളിലെ പ്രേക്ഷകരില്‍ സൃഷ്ടിച്ചത് കടുത്ത നിശബ്ദതയായിരുന്നു. ഷോര്‍ട്ട് ഫിക്ഷന്‍ ഇന്‍ ഫോക്കസില്‍ പ്രദര്‍ശിപ്പിച്ച മലയാളിയായ മേജര്‍ സഞ്ജീവ് സംവിധാനം ചെയ്ത 'റൂഫിയാന്‍' എന്ന ചിത്രം ഒളിവില്‍ കഴിയുന്ന വിപ്ലവകാരിയുടെ ജീവിതത്തിലൂടെയുള്ള യാത്രയായിരുന്നു. പ്രദര്‍ശനത്തിനെത്തിയ 60 ലേറെ ചിത്രങ്ങള്‍ തിയേറ്ററിനുള്ളിലും പുറത്തും രണ്ടാം ദിനത്തെ സജീവമാക്കി. സിനിമ ചര്‍ച്ചകളിലും സംവാദങ്ങളിലും ഇടംപിടിക്കാന്‍ കഴിഞ്ഞൂവെന്നതാണ് രണ്ടാം ദിനത്തില്‍ പ്രദര്‍ശനത്തിനെത്തിയ എത്തിയ ചിത്രങ്ങളുടെ പ്രത്യേകത.

No comments:

Post a Comment